നോട്ടറി നിയമന നടപടിക്രമങ്ങള്‍

 നോട്ടറിമാരുടെ തൊഴില്‍ നിയന്ത്രിക്കുവാനുള്ള ഒരു നിയമമാണ് 1952-ലെ നോട്ടറീസ് ആക്റ്റ്.  നോട്ടറി അല്ലെങ്കില്‍ നോട്ടറി പബ്ലിക് എന്നാ‍ല്‍ സത്യപ്രതിജ്ഞ നടത്തുകയും ചില തരം രേഖകള്‍ക്ക് അതിന്റെ വിശ്വാസ യോഗ്യതയും പ്രാമാണ്യവും നല്‍കുന്നതിന് തന്റെ കൈയാലും ഔദ്യോഗിക മുദ്രയാലും സാക്ഷ്യപ്പെടുത്തുകയും പ്രമാണീകരിക്കുകയും ചില ഔദ്യോഗിക പ്രവര്‍ത്തിക‍ള്‍ നിര്‍വ്വഹിക്കുകയും മുഖ്യമായും വാണിജ്യപരമായ വിഷയങ്ങളില്‍ അതായത് നോട്ടുകളും ബില്ലുകളും സാക്ഷ്യപ്പെടുത്തുകയും, കേടുപാടുകള്‍ നഷ്ടം എന്നിവയി‍ല്‍ വിദേശ ഡ്രാഫ്റ്റുകളും മറൈ‍ന്‍ പ്രൊറ്റസ്റ്റുകളും സാക്ഷ്യപ്പെടുത്തുവാനും ചുമതലയുള്ള ഒരു പൊതു അധികാരിയാണ്.  സംസ്ഥാന സര്‍ക്കാരും അതേപോലെ കേന്ദ്ര സര്‍ക്കാരും നോട്ടറി നിയമനം നിര്‍വ്വഹിച്ചു വരുന്നു.

       നോട്ടറി നിയമത്തിന്റെ വകുപ്പ് 3 പ്രകാരം കേന്ദ്ര സര്‍ക്കാ‍ര്‍ ഇന്ത്യ മുഴുവനായും അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തിനോ, സംസ്ഥാന സര്‍ക്കാരിനോ, സംസ്ഥാനം മുഴുവനായോ അല്ലെങ്കില്‍ നിശ്ചയിക്കപ്പെട്ട യോഗ്യതക‍ള്‍ ഉള്ള മറ്റു വ്യക്തികളെയോ നോട്ടറിയായി നിയമിക്കാവുന്നതാണ്. 1956-ലെ നോട്ടീസ് റൂള്‍സിന്റെ റൂ‍ള്‍ 3 പ്രകാരം നോട്ടറിമാരുടെ നിയമനത്തിനായുള്ള യോഗ്യതകള്‍ ഇപ്രകാരമാണ്. നോട്ടറി നിയമനത്തിനായുള്ള അപേക്ഷ തീയതിയില്‍ താഴെ പറയുന്ന യോഗ്യതക‍ള്‍ ഇല്ലാത്ത പക്ഷം യാതൊരാള്‍ക്കും നോട്ടറിയായി നിയമിക്കപ്പെടാ‍ന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

              (എ) അഭിഭാഷകനായി കുറഞ്ഞത് പത്ത് വര്‍ഷം പ്രാക്ടീസ് ചെയ്തിരിക്കുക; അല്ലെങ്കില്‍

              (ബി) കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴി‍ല്‍ ഇന്ത്യ‍ന്‍‍ നിയമ സര്‍വ്വീസിലെ അംഗമായിരിക്കുക; അല്ലെങ്കില്‍

              (സി) ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും

(I)                 ജുഡീഷ്യല്‍ സര്‍വ്വീസിലെ ഒരു അംഗമായിരിക്കുക; അല്ലെങ്കില്‍

(II)      അഭിഭാഷകനായി എന്‍റോ‍ള്‍ ചെയ്തശേഷം നിയമത്തി‍ല്‍ പ്രത്യേക അറിവ് ആവശ്യമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും ഉദ്യോഗം വഹിക്കുക; അല്ലെങ്കില്‍

(III)            സായുധ സേനയുടെ നിയമ വകുപ്പിലോ അല്ലെങ്കില്‍ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ വകുപ്പിലോ ഉദ്യോഗം വഹിക്കുക.

നിയമനത്തിനായുള്ള അപേക്ഷ

            1956-ലെ നോട്ടറീസ് റൂള്‍സിന്റെ റൂ‍ള്‍ 4 പ്രകാരം, നോട്ടറിയാകുവാന്‍ നിയമനത്തിനായി അപേക്ഷ നല്‍കുന്ന ആ‍ള്‍ (ഇതിനാല്‍ 'അപേക്ഷകന്‍' എന്ന് വിളിക്കുന്ന), അയാള്‍ തൊഴി‍ല്‍ ചെയ്യുന്ന ട്രൈബ്യൂണലിന്റെയോ, കോടതിയുടെയോ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ അല്ലെങ്കി‍ല്‍ ബന്ധപ്പെട്ട ജില്ലാ ജഡ്ജി മുഖേന നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ (മെമ്മോറിയല്‍) സര്‍ക്കാ‍ര്‍ ക്ഷമതയുള്ള അധികാരിയായി ഗസ്റ്റ് വിജ്ഞാപനം ചെയ്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

  1. ഒരു മെമ്മോറിയ‍ല്‍ ഒരു മജിസ്ട്രേറ്റ്, ദേശസാല്‍കൃത ബാങ്കിന്റെ മാനേജ‍ര്‍, ഒരു വ്യാപാരി, ആ സ്ഥലത്തെ രണ്ട് പ്രധാന ആള്‍ക്കാ‍ര്‍ എന്നിവ‍ര്‍ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതാണ്.
  2. അപേക്ഷയില്‍ 5 രൂപയുടെ മൂല്യത്തിനുള്ള കോര്‍ട്ട് ഫീ സ്റ്റാമ്പ്, അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസിലുള്ള ഒരു ഫോട്ടോ എന്നിവ പതിച്ചിരിക്കണം.
  3. അപേക്ഷയോടോപ്പം എസ്എസ്എല്‍സി ബുക്കിന്റെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്ന പേജ്, എല്‍എല്‍ബി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എന്‍റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാ‍ര്‍ അസോസിയേഷനില്‍ നിന്നുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉള്‍പ്പെടുത്തേണ്ടതാണ്.
    നോട്ടറിമാരുടെ കര്‍ത്തവ്യം
  1. ഒരു നോട്ടറിക്ക് തന്റെ ഔദ്യോഗിക അധികാരത്തില്‍ താഴെ പറയുന്ന എല്ലാവിധ അല്ലെങ്കില്‍ ഏതെങ്കിലും പ്രവര്‍ത്തിക‍ള്‍ ചെയ്യാവുന്നതാണ്.
  1. ഏതെങ്കിലും ഒരു രേഖയുടെ പരിശോധന, സാക്ഷ്യപ്പെടുത്ത‍ല്‍ നി‍ര്‍ണ്ണയം അഥവാ സാക്ഷ്യപ്പെടുത്തല്‍
  2. ഏതെങ്കിലും പ്രോമിസറി നോട്ട്, ഹുണ്ടി അഥവാ ബില്‍ ഓഫ് എക്സ്ചേഞ്ച് സ്വീകരണത്തിനോ നല്‍കലിനോ അഥവാ മികച്ച ജാമ്യമാക്ക‍ല്‍.
  3. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടുമായി ബന്ധപ്പെട്ട് പ്രോമിസറി നോട്ടിന്റെ ഹുണ്ടിയുടേയോ ബില്‍ ഓഫ് എക്സ്ചേഞ്ചിന്റെയോ ഡിസ്ഓണ‍ര്‍ അല്ലെങ്കി‍ല്‍ നോണ്‍ പേയ്മെന്റ് അല്ലെങ്കി‍ല്‍ നോ‍ണ്‍ ആക്സപ്റ്റെന്‍സിന്റെയോ നോട്ടിങ്ങ്.
  4. കപ്പല്‍ പ്രൊട്ടസ്റ്റ്,ബോട്ട് പ്രൊട്ടസ്റ്റ് അല്ലെങ്കില്‍ താമസക്കൂലി സംബന്ധിച്ചുള്ള പ്രൊട്ടസ്റ്റ് മറ്റ് വാണിജ്യ വിഷയങ്ങള്‍  തുടങ്ങിയവയുടെ നോട്ടിങ്ങ്.
  5. ഏതെങ്കിലും വ്യക്തിയി‍ല്‍ നിന്ന് സത്യവാങ്മൂലം സ്വീകരിക്കുകയോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയോ
  6. ബോട്ടംറി, റെസ്പോണ്ടെന്‍ഷ്യ ബോണ്ടുക‍ള്‍ ചാര്‍ട്ട‍ര്‍ സംഘങ്ങ‍ള്‍ മറ്റു വാണിജ്യ രേഖകള്‍ തയ്യാറാക്ക‍ല്‍
  7. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും പ്രദേശത്തിലോ അല്ലെങ്കി‍ല്‍ രാജ്യത്തിലോ പ്രാബല്യത്തി‍ല്‍ വരേണ്ട രേഖ ഏത് സ്ഥലത്ത് നടപ്പിലാക്കണമെന്നതിനനിസരിച്ച് തയ്യാറാക്കുകയോ സാക്ഷ്യപ്പെടുത്തുകയോ അധികാരപ്പെടുത്തുകയോ ചെയ്യുക.
  8. ഒരു ഭാഷയില്‍ നിന്നും മറ്റു ഭാഷയിലേക്ക് ഏതെങ്കിലും രേഖ തര്‍ജ്ജമ ചെയ്യുകയും തര്‍ജ്ജമ പരിശോധിക്കുകയും ചെയ്യുക.
  9. ഏതെങ്കിലും സിവില്‍ അല്ലെങ്കി‍ല്‍ ക്രിമിന‍ല്‍ വിചാരണയി‍ല്‍                       തെളിവെടുക്കാന്‍ കമ്മീഷണറായി അത്തരത്തി‍ല്‍ ഏതെങ്കിലുംകോടതിയോ അധികാര സ്ഥാനമോ നിര്‍ദ്ദേശിച്ചാ‍ല്‍   പ്രവര്‍ത്തിക്കുക.
  10.     അങ്ങനെ ആവശ്യമായാല്‍ ആര്‍ബിട്രേറ്ററോ മീഡിയേറ്ററോ              കണ്‍സീലിയേറ്ററോ ആയി പ്രവര്‍ത്തിക്കുക.
  11. വിനിര്‍ദ്ദേശിച്ച മറ്റ് ഏത് പ്രവര്‍ത്തിയും

നോട്ടറി നിയമനത്തിനായുള്ള നടപടിക്രമം

            നോട്ടറി നിയമത്തിനായുള്ള അപേക്ഷ (മെമ്മോറിയല്‍) 1956 ലെ നോട്ടറി ചട്ടങ്ങള്‍ക്കനുസൃതമായി സംസ്ഥാന സര്‍ക്കാ‍ര്‍, നോട്ടറി ചട്ടപ്രകാരം അധികാരക്ഷമതയുള്ള ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തുന്ന Competent Authority മുമ്പാകെയാണ്   സമര്‍പ്പിക്കേണ്ടത്.

ക്ഷമതയുള്ള അധികാരിയെ നിയമിക്കല്‍ (Competent Authority)

            1956 ലെ നോട്ടറി ചട്ടങ്ങളിലെ ഉപ ചട്ടം (1) ചട്ടം 4  പ്രകാരം, സര്‍ക്കാ‍ര്‍, ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഔദ്യോഗിക വിജ്ഞാപനം മുഖേന ക്ഷമതയുള്ള അധികാരിയായി ചുമതലപ്പെടുത്തുന്നു.  പ്രസ്തുത അധികാരി മുമ്പാകെയാണ് നോട്ടറി നിയമത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

നോട്ടറി നിയമനത്തില്‍ താഴെ പറയുന്ന കാര്യങ്ങ‍ള്‍ ഉള്‍ക്കൊള്ളുന്നു

  1. അപേക്ഷയുടെ സൂക്ഷമ പരിശോധന.
  2. അപേക്ഷകനെ സംബന്ധിക്കുന്ന വിവരങ്ങള്‍ കേരള ബാ‍ര്‍ കൗണ്‍സിലി‍ല്‍ നിന്നും ശേഖരിക്കല്‍
  3. അപേക്ഷകന് നിയമനം ലഭിക്കുന്നതിന് യോഗ്യതയിണ്ടോ എന്ന് കണ്ടെത്തുന്നതിനായി ക്ഷമതയുള്ള അധികാരി നടത്തുന്ന ഓഫീസ് പരിശോധനയും, പ്രാദേശിക അന്വേഷണവും.
  4. അപേക്ഷകന് നിയമനം ലഭിക്കുവാനുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള അഭിമുഖം.

            നോട്ടറി നിയമനത്തിനായി ലഭിക്കുന്ന അപേക്ഷയിന്മേ‍ല്‍ ആദ്യ പടിയായി സൂക്ഷ്മ പരിശോധന നിയമ വകുപ്പി‍ല്‍ തന്നെ നടത്തുന്നു.  അതിന്റെ ഭാഗമായി അപേക്ഷകന്‍, ബാര്‍ കൗണ്‍സി‍ല്‍ പരിപാലിച്ചുവരുന്ന പട്ടികയി‍ല്‍ പേരു ഉള്ളയാളാണോ എന്നും അയാ‍ള്‍ ഏതെങ്കിലും ശിക്ഷാ നടപടിക്ക് വിധേയനാണോ എന്നതിനെ സംബന്ധിച്ചും ബാര്‍ കൗണ്‍സിലി‍ല്‍ നിന്നും അനിയോജ്യമായ റിപ്പോര്‍ട്ട് ലഭിക്കുന്ന അപേക്ഷകരുടെ അപേക്ഷക‍ള്‍ ഓഫീസ് പരിശോധനയ്ക്കും പ്രാദേശിക അന്വേഷണത്തിനുമായി ക്ഷമതയുള്ള അധികാരി മുമ്പാകെ സമര്‍പ്പിക്കപ്പെടുന്നതാണ്.  പ്രസ്തുത പരിശോധനയില്‍ ക്ഷമതയുള്ള അധികാരി പ്രധാനമായും അപേക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനം, ഓഫീസ് ലൈബ്രറി സൗകര്യം, കേസുകളുടെ എണ്ണം,  നടത്തിപ്പ്, സ്വഭാവം, സര്‍ട്ടിഫിക്കറ്റുകളുടെ ഒത്തുനോക്ക‍ല്‍, കൂടാതെ അപേക്ഷകന്റെ സ്വഭാവ സംബന്ധമായ കാര്യങ്ങ‍ള്‍ പ്രാദേശികമായി അന്വേഷിക്കുന്നു.

            പ്രസ്തുത പരിശോധനയ്ക്കു ശേഷം ക്ഷമതയുള്ള അധികാരി പരിശോധനയെ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരി‍ല്‍ സമര്‍പ്പിക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടി‍ല്‍ അപേക്ഷകനെ അഭിമുഖത്തിന് പരിഗണിക്കാവുന്നതാണോ എന്നും ആണെങ്കി‍ല്‍ അയാള്‍ക്ക്, അനുവദിച്ചു കൊടുക്കാവുന്ന അധികാര പരിധിയെ സംബന്ധിച്ചും രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. ക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്യുന്ന അപേക്ഷക‍ള്‍ അഭിമുഖ പരീക്ഷയി‍ല്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് ഉത്തരവിനായി സര്‍ക്കാരി‍ല്‍ സമര്‍പ്പിക്കുന്നു.

            സര്‍ക്കാരി‍ല്‍ നിന്നും അഭിമുഖത്തിനുത്തരവാകുന്ന അപേക്ഷക‍ള്‍ നോട്ടറി ചട്ടം 7 A പ്രകാരം രൂപീകൃതമാകുന്ന അഭിമുഖ ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കുന്നതും അഭിമുഖ പരീക്ഷ നടത്തിയതിന് ശേഷം അപേക്ഷകന്‍ നോട്ടറിയായി നിയമനം ലഭിക്കുന്നതിന് യോഗ്യനാണോ അല്ലയോ എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.

            ഇത്തരത്തില്‍ നിയമനത്തിന് യോഗ്യരായി കണ്ടെത്തുന്നവരെ ഓരോ പ്രദേശത്തിന്റെ ആവശ്യകതയും ഒഴിവുകളും പരിഗണിച്ച് നോട്ടറിയായി നിയമിക്കുന്നു.

നോട്ടറിയുടെ അധികാര പരിധി വിപുലീകരണം

            സാധുവായ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ഉള്ള ഏതൊരു നോട്ടറിക്കും ചട്ടം 8 (എ) പ്രകാരം അടിസ്ഥാനമായ കാരണങ്ങള്‍ കാണിച്ചുകൊണ്ട് തന്റെ അധികാര പരിധി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കാവുന്നതാണ്.  അത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ അപേക്ഷയി‍ല്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളും മറ്റു ഘടകങ്ങളും പരിശോധിച്ചതിന് ശേഷം സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. 

സാക്ഷ്യപത്രത്തിന്റെ പുതുക്കല്‍

            സാധാരണയായി നിയമന തീയതി മുതല്‍ 5 വര്‍ഷ കാലാവധിയായിട്ടാണ് നോട്ടറിയായി പ്രവര്‍ത്തിക്കുന്നതിനുള്ള സാക്ഷ്യപത്രം നല്‍കുന്നത്.  ആയതിന്റെ കാലാവധി തീരുന്നതിനും 6മാസം മുമ്പ് അത് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്.  അങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് സര്‍ക്കാരിനു  സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാവുന്നതാണ്.

നോട്ടറിമാര്‍ക്കെതിരെയുള്ള ശിക്ഷണ നടപടികള്‍

            നോട്ടറിമാരുടെ പെരുമാറ്റ ദൂഷ്യത്തിനെതിരായി സമര്‍പ്പിക്കപ്പെടുന്ന എല്ലാ പരാതികളും ഈ വകുപ്പിലാണ് കൈകാര്യം ചെയ്യുന്നത്.  നോട്ടറിമാര്‍ക്കെതിരെയുള്ള പരാതികളിന്മേലുള്ള നടപടികള്‍ 1956-ലെ നോട്ടറി ചട്ടങ്ങളിലെ ചട്ടം 13 ല്‍ പ്രതിപാദിച്ചിരിക്കുന്നു.  ഒരു നോട്ടറിക്കെതിരായി സര്‍ക്കാരിന് സ്വമേധയാ അല്ലെങ്കി‍ല്‍ ഫാറം നമ്പ‍ര്‍ 13 പ്രകാരം സമര്‍പ്പിക്കുന്ന പരാതിയിന്മേലോ നടപടിക‍ള്‍ എടുക്കാവുന്നതാണ്.  അങ്ങനെ നടത്തുന്ന അന്വേഷണത്തില്‍ പ്രദമദൃഷ്ട്യാ കുറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തുന്ന സാഹചര്യത്തി‍ല്‍ അയാള്‍ക്കെതിരെ താഴെപറയുന്ന നടപടികളി‍ല്‍ ഏതെങ്കിലും കൈക്കൊള്ളുന്നതാണ്.

  1. സാക്ഷ്യപത്രം റദ്ദ് ചെയ്തു പ്രവര്‍ത്തിക്കുന്നതിന് സ്ഥിരമായി വിലക്കേര്‍പ്പെടുത്ത‍ല്‍
  2. പ്രവര്‍ത്തനത്തിന് നിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്ത‍ല്‍
  3. പെരുമാറ്റദൂഷ്യത്തിന്റെ സ്വഭാവത്തിന്റെ തീവ്രതയുടെയും അടിസ്ഥാനത്തില്‍ താക്കീതു നല്‍കി വിട്ടയക്ക‍ല്‍

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
[email protected] 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

419927
  • അവസാനം പരിഷ്കരിച്ചത്: Thursday 21 November 2024.